
സ്വയം പ്രതിരോധിക്കുന്നതിന് ഇസ്രയേലിന് ഇറാനെ ആക്രമിക്കുകയല്ലാതെ മറ്റു വഴിയില്ലായിരുന്നുവെന്നാണ് നെതന്യാഹു പറയുന്നത്.
വർഷങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്കൊടുവിലാണ് ഇസ്രയേൽ ഇറാനിൽ ആക്രമണം നടത്തിയത്. വെള്ളിയാഴ്ച്ച പുലർച്ചെയാണ് ഇറാനിലെ സൈനിക കേന്ദ്രങ്ങളും ആണവസമ്പുഷ്ടീകരണ പ്ലാന്റുകളും ലക്ഷ്യമാക്കി ഇസ്രയേൽ ആക്രമണം നടത്തിയത്. ഇറാനിലെ 100 കേന്ദ്രങ്ങളിൽ ആക്രമണം നടത്താനായി 200 യുദ്ധവിമാനങ്ങളെയാണ് ഇസ്രയേൽ സൈന്യം ഉപയോഗിച്ചത്. 330 ആയുധങ്ങളാണ് ഇറാന്റെ വിവിധ കേന്ദ്രങ്ങളിൽ ഇന്നു പുലർച്ചെ മാത്രം ഇസ്രയേൽ വർഷിച്ചത്. ഇതിൽ മിസൈലുകളും ബോംബുകളും ഉൾപ്പെടും.
'ഓപ്പറേഷൻ റൈസിങ് ലയൺ' എന്ന പേരിലാണ് ഇറാനിൽ ഇസ്രയേലിന്റെ സൈനികനടപടി. ഇത് ദിവസങ്ങളോളം നീണ്ടുനിൽക്കും എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി വ്യക്തമാക്കുന്നതും. ഇറാൻ ആണവ പദ്ധതികളുമായി മുന്നോട്ട് പോകുന്നതിന് തടയിടാനാണ് ആക്രമണെന്നാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്. ആണവ പദ്ധതിക്കെതിരെ പതിറ്റാണ്ടുകളായി ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നെന്നും അവയെല്ലാം അവഗണിച്ചതോടെയാണ് സൈനിക നടപടി ആരംഭിച്ചതെന്നുമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറയുന്നത്.
വളരെ സൂക്ഷ്മതയോടെയാണ് ഇസ്രയേൽ ഇറാനെ ആക്രമിച്ചത്. സമയവും ആക്രമണം നടത്തേണ്ട സ്ഥലവുമെല്ലാം സൈനികർക്ക് കൈവെള്ളയിലെ രേഖപോലെ ഹൃദിസ്ഥമായിരുന്നു. 200 യുദ്ധവിമാനങ്ങൾ ആക്രമണ സജ്ജമായി പറന്നുയരുമ്പോൾ ഓരോ ഇസ്രയേലി പൗരന്മാരുടെയും സുരക്ഷയൊരുക്കാനുള്ള മറ്റൊരു നടപടി ഇസ്രയേലിൽ ആരംഭിക്കുകയായിരുന്നു. പുലർച്ചെ മൂന്ന് മണിക്ക് തൊട്ടുമുമ്പായി ഇറാഖിനു മുകളിലായി ഇസ്രയേൽ യുദ്ധവിമാനങ്ങൾ നിലയുറപ്പിച്ചു. ഈ ഘട്ടത്തിൽ ഇസ്രയേലിലുടനീളം സൈറണുകൾ മുഴങ്ങി. ഒരു വലിയ ആക്രമണം നടക്കുന്നുണ്ടെന്നും ഇറാനിൽ നിന്നുള്ള പ്രത്യാക്രമണം പ്രതീക്ഷിക്കുന്നുണ്ടെന്നും ഇസ്രായേലികളുടെ ഫോണുകളിൽ മുന്നറിയിപ്പുകൾ ലഭിച്ചിരുന്നു. സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനും നിർദേശങ്ങൾ ലഭിച്ചു.
മൂന്നു മണിയോടെ ഇറാനിലേക്ക് കടന്ന ഇസ്രയേലി യുദ്ധവിമാനങ്ങൾ ബോംബുകളും മിസൈലുകളും ഇറാന്റെ സൈനിക കേന്ദ്രങ്ങളും ആണവപ്ലാന്റുകളും ലക്ഷ്യമാക്കി തൊടുത്തുവിട്ടു. അപ്രതീക്ഷിതമായ ആക്രമണത്തിൽ ഇറാൻ അക്ഷരാർത്ഥത്തിൽ നടുങ്ങി. അതിലും വലിയ പ്രഹരമായിരുന്നു ആക്രമണത്തിൽ സൈനിക മേധാവി ഉൾപ്പെടെ കൊല്ലപ്പെട്ടെന്ന വാർത്ത. ഇറാൻ ഇസ്ലാമിക് റെവലൂഷൻ ഗാർഡ് കോർപ്സ് (ഐആർജിസി) മേധാവി മേജർ ജനറൽ ഹൊസൈൻ സലാമി, സൈനിക മേധാവി മുഹമ്മദ് ബഘേരി തുടങ്ങിയ ഉന്നത സൈനികരും നിരവധി ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരുന്നു.
ഇറാനിൽ നടത്തിയ ആക്രമണത്തിന് തൊട്ടുപിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മന്ത്രിസഭാ യോഗം വിളിച്ചുചേർക്കുകയും ഇസ്രായേൽ വ്യോമാതിർത്തി അടയ്ക്കുകയും ചെയ്തു. പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. സ്വയം പ്രതിരോധിക്കുന്നതിന് ഇസ്രയേലിന് ഇറാനെ ആക്രമിക്കുകയല്ലാതെ മറ്റു വഴിയില്ലായിരുന്നുവെന്നാണ് നെതന്യാഹു പറയുന്നത്. ആണവായുധം നിർമിക്കാൻ ഇറാനെ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.











